എല്ലാവരുടെയും ഈസക്ക. #4

എന്റെയും ഓരോരുത്തര്‍ക്കും അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു ഈസക്ക. അതുകൊണ്ടാണ് എനിക്ക് എന്റെ ഈസക്കയാകുന്നതു പോലെ ഓരോ ആള്‍ക്കും അവരവരുടെ ഈസക്കയാകുന്നത്. ഖത്തറിന് മൊത്തമായും അവിടുത്തെ ഓരോ ആൾക്കും സംഘടനക്കും ഓരോ ജില്ലക്കാര്‍ക്കും അവരുടെ ഈസക്കയാകുന്നത്. കുഞ്ഞു നാളില്‍ തന്നെ എനിക്കെന്റെ ഉപ്പയെ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഈസക്കെയെ പരിചയപെട്ടതുമുതല്‍ എനിക്കെന്റെ ഉപ്പയെ തിരിച്ചു കിട്ടിയ പോലെയായിരുന്നു. കുടുബത്തിലെ കാര്യങ്ങളെല്ലാം ചോദിച്ചറിയുമായിരുന്നു. പങ്കുവെക്കാന്‍ ഒരാള്‍, ഉപദേശ നിര്‍ദേശങ്ങള്‍ തരാന്‍ ഒരാള്‍. അതൊരു കരുതലാണ്. അതുകൊണ്ട് തന്നെ ഒരു ധൈര്യമായിരുന്നു ഈസക്ക. എല്ലാം ശ്രദ്ധിക്കുമായിരുന്നു. അതുതന്നെയാണ് എനിക്കങ്ങനെ തോന്നാനിടയാക്കിയത്. ഒരു മുതലാളിയാകാന്‍ പലര്‍ക്കും പറ്റും. ഒരു പൊതുപ്രവര്‍ത്തകനാകാനും പറ്റും. സാമൂഹ്യപ്രവര്‍ത്തകനാകാനും കലാ- കായിക ഉപാസകനാകാനും പലര്‍ക്കും കഴിയും. പക്ഷെ ഒരു നല്ല മനുഷ്യനാകാന്‍ അപൂര്‍വം ചിലര്‍ക്കേ കഴിയു. അങ്ങനെ അപൂര്‍വങ്ങളില്‍ അപൂര്‍വം ഒരാളായിരുന്നു ഈസക്ക. ഈസക്കയെ പോലെ മറ്റൊരാളില്ല ഈ ദുനിയാവില്‍. ഈസക്കയില്ല എന്ന സത്യം ഇനിയും എന്റെ മനസ്സിന് ഉള്‍കൊള്ളനായിട്ടില്ല. ഒന്നുകില്‍ ഓഫീസില്‍, അല്ലെങ്കില്‍ ഏതെങ്കിലും വേദികളില്‍ തിരക്കിലായിരിക്കും എന്നാണ് മനസ്സ് ഇപ്പോഴും മന്ത്രിക്കുന്നത്. ഞാന്‍ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയാണ്, ഒരു നാള്‍ എല്ലാവരും മരണത്തിന് കീഴടങ്ങേണ്ടവരാണ് എന്ന്. 2013 ൽ കോഴിക്കോട് വര്‍ത്തമാനത്തില്‍ ജോലി ചെയ്യുന്ന കാലത്താണ് അദ്ദേഹവുമായി പരിചയപ്പെടാന്‍ ഇടയായത്. ഹെലോ, സുബൈര്‍ അല്ലെ. ഞാന്‍ ഈസക്കയാണ് ഖത്തറില്‍ നിന്ന്. ഞാന്‍ ഈ ആഴ്ച്ച കോഴിക്കോട് വരുന്നുണ്ട്. എത്തിയിട്ട് കാണാം. കാലിക്കറ്റ് ടവറില്‍ ഉണ്ടാവും.

പറഞ്ഞ പോലെ ഈസക്ക കോഴിക്കോട് എത്തി. പറഞ്ഞ സമയത്ത് ഞാനും കാലിക്കറ്റ് ടവറില്‍ എത്തി. അപ്പോഴാണ് അറിഞ്ഞത് അതൊരു ഇന്റര്‍വ്യൂ ആണെന്ന്. എന്നോട് പറഞ്ഞു, ഉടനെ ഖത്തറിലേക്കു വരണം. ഖത്തര്‍ വര്‍ത്തമാനത്തിന്റെ മാര്‍ക്കറ്റിംഗ് ഏറ്റെടുക്കണം എന്ന്. മനസ്സാകെ പതറി. ഉടനെ ഒരു ഗള്‍ഫ് യാത്ര. എനിക്ക് പറ്റില്ലെന്ന് ഈസക്കയോട് പറഞ്ഞു. ഒന്നൂടെ ആലോചിച്ചിട്ട് പറയൂ. പിന്നെ കാണാമെന്നു പറഞ്ഞു സലാം ചൊല്ലി പിരിഞ്ഞു. ഈസക്ക തിരിച്ചു പോയി. അടുത്തമാസം പിന്നെയും അദ്ദേഹം കോഴിക്കോട് വന്നു. കാണണം എന്ന് പറഞ്ഞു. കണ്ടു, പക്ഷെ ഞാന്‍ അപ്പോഴും ഗള്‍ഫില്‍ പോകുന്ന കാര്യം ആലോചിച്ചിട്ടേയില്ലായിരുന്നു. അപ്പോഴും ഞാന്‍ പറഞ്ഞു. നോക്കട്ടെ ഒരുറുപ്പായിട്ടില്ല. അന്നും ഞങ്ങള്‍ സലാം പറഞ്ഞു പിരിഞ്ഞു. ഈസക്ക ഖത്തറിലേക്കു തിരിച്ചു പോയി. ഈസക്ക അടുത്ത മാസം പിന്നെയും വന്നു. ഇനിയും തീരുമാനമായില്ലേന്ന് ചോദിച്ചു. മൂന്നമാതും പറ്റില്ല എന്ന് ഞാന്‍ പറയുന്നതിന് മുമ്പായി ഈസക്ക എന്നോട് ചോദിച്ചു. അല്ല നിനക്ക് ഗള്‍ഫ് കാണാന്‍ അഗ്രഹമില്ലേന്ന്. അതുണ്ടെന്നു ഞാനും പറഞ്ഞു. എന്നാല്‍പിന്നെ അതിനായി ഒരുങ്ങാന്‍ ആവശ്യപ്പെട്ടു. വാർത്തമാനത്തിന്റ പ്രതിസന്ധിഘട്ടങ്ങളിൽ ഒരു പ്രവാചകനെ പോലെ പല സന്ദർഭങ്ങളിലും അദ്ദേഹം കടന്നു വന്നിട്ടുണ്ട്. ആ സമയം തന്നെയായിരുന്നു എനിക്ക് കൈരളി ടി വിയില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ജോലി റെഡിയാണെന്ന് ആരിഫ് (വര്‍ത്തമാനത്തിലെ എച്ച് ആര്‍ മാനേജര്‍ ആയിരുന്നു) പറഞ്ഞത്. ആകെ കണ്‍ഫ്യൂഷന്‍ ആയി. ഖത്തറിലേക്ക് പോകണോ അതോ തിരുവനന്തപുരത്തേക്ക് പോകണോ. ഞാനും ഭാര്യ ജുബുവും കൂടി തീരുമാനിച്ചു. രണ്ടായാലും നമ്മള്‍ വീട് പൂട്ടിയിടേണ്ടി വരും. എന്നാല്‍ പിന്നെ ഈസക്കാന്റെ ഖത്തറിലേക്ക് പോകാം. അങ്ങനെയാകുമ്പോള്‍ ഗള്‍ഫ് ഒന്ന് കാണാലോ. ഈസക്കയെ വിളിച്ചു. ഞാന്‍ ഖത്തറിലേക്ക് വരാന്‍ റെഡിയാണ് എന്നറിയിച്ചു. അങ്ങനെയാണ് 2013 മെയ് ഒന്നിന്, ലോക തൊഴിലാളി ദിനത്തില്‍ ഈസക്കായുടെ കാരുണ്യത്താല്‍ ഖത്തറില്‍ എത്തിയത്. ആദ്യ ഗള്‍ഫ് യാത്ര. അകലെ നിന്ന് പലതും കേട്ടറിഞ്ഞ ഈസക്കാനെ നേരിട്ട് കൂടുതല്‍ കാണാനും സംസാരിക്കാനും ഇടയായത്. വല്ലാത്ത സ്പീഡിലാണ് അദ്ദേഹം കാര്യങ്ങള്‍ ചെയ്തിരുന്നത്. ഖത്തര്‍ വര്‍ത്തമാനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ആയിരുന്ന ഈസക്ക വല്ലാത്തൊരു പോസിറ്റീവ് എനര്‍ജിയാണെന്നു ഞാന്‍ വൈകാതെ തിരിച്ചറിഞ്ഞു. എന്ത് ആവശ്യമുണ്ടെങ്കിലും പറയാനും ചെയ്തു തരാനും ഈസക്ക റെഡിയായിരുന്നു. പക്ഷെ ഒറ്റകാര്യമേ ഉണ്ടായിരുന്നുള്ളു, പേപ്പറുകളും രേഖകളും കണക്കും എല്ലാം റെഡിയായിരിക്കണം. ഈസക്കയുടെ ഓഫിസിലേ വീക്കിലി മീറ്റിംഗ്, വര്‍ത്തമാനത്തിലേ ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗ്… അങ്ങനെ ദിവസും അദ്ദേഹവുമായി സംസാരിക്കാനും കാണാനും അവസരം കിട്ടിയ ഒരാളാണ് ഞാന്‍. ഒന്ന് നാട്ടില്‍ പോകണം ഈസക്ക എന്ന് പറഞ്ഞാല്‍, പോയി വേഗം വരു എന്നാകും മറുപടി. വൈഫിനെ കൊണ്ടുവരാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ ഉടനെ അതും പാസ്സാക്കും. കൂടാതെ ഇച്ചാപ്പന്റെ മകളുടെ മകന്‍ ഖത്തറില്‍ അപകടത്തില്‍ മരണപ്പെട്ടപ്പോള്‍ ബോഡി എക്കമ്പനി ചെയ്യാനും, എന്റെ വൈഫിന്റെ ഉപ്പ മരണപ്പെട്ടപ്പോള്‍ ഉടനെ നാട്ടില്‍ പോകാനും എല്ലാ സൗകര്യങ്ങളും ചെയ്തു തന്ന ഈസക്കയെ എങ്ങനെ ഞാന്‍ മറക്കും. ഖത്തറിന് 2017 ല്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ മുതൽ പരസ്യവരുമാനം മെല്ലെ കുറഞ്ഞു തുടങ്ങി. ഖത്തറില്‍ ഓരോ പത്രങ്ങളും അച്ചടി നിര്‍ത്തി. കൂട്ടത്തില്‍ വര്‍ത്തമാനവും പ്രിന്റിംഗ് നിര്‍ത്തി. ഓഫീസ് സാധനങ്ങള്‍ എല്ലാം ഈസക്കയുടെ ഗോഡൗണിലേക്ക് മാറ്റാനും, ലൈസന്‍സ് പുതുക്കി എന്റെ വിസ അലി ഇന്റര്‍നാഷണലിലേക്ക് ചേഞ്ച് ആക്കി നാട്ടില്‍ പോയി വരാനും പറഞ്ഞു. ഈസക്കയോട് ഞാന്‍ പറഞ്ഞു: ഇപ്പോ ചേഞ്ച് ചെയ്താല്‍ ഉടനെ തന്നെ വീണ്ടും ഖത്തറില്‍ വരേണ്ടി വരും. കുറച്ചു നാട്ടില്‍ നില്‍ക്കട്ടെ. വരാന്‍ ആഗ്രഹിക്കുമ്പോള്‍ ഞാന്‍ ഈസക്കയെ വിളിച്ചോളാം.

നാട്ടിലെത്തിയ ഉടനെ തന്നെ കൊറോണ വാര്‍ത്തയാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. പിന്നെ പത്രവും നോട്ടും കൈകൊണ്ടു തൊടാന്‍ പറ്റാത്ത സാധനമായി മാറി. ഒരര്‍ത്ഥത്തില്‍ അച്ചടി നിര്‍ത്തിയ പത്രങ്ങള്‍ക്ക് പിന്നീട് അതൊരനുഗ്രഹമായി മാറി. വാർത്തമാനത്തിന് ശേഷം പിന്നെ ഖത്തറിൽ പോയത് ബെസ്റ്റ് മീഡിയയുടെ The Ads എന്ന ഇംഗ്ലീഷ് പത്രത്തിലേക്കായിരുന്നു. കൊറോണ തുടങ്ങിയതോടെ അതും നിർത്തിത്തിവെക്കേണ്ടി വന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം കൊറോണ ഭീതിയൊഴിഞ്ഞു. പിന്നെ പോയത് അമാനുള്ള സാഹിബിന്റെ മീഡിയ പ്ലസ് കമ്പനിയിലേക്കായിരുന്നു. തിരികെ ഈസക്കയുടെ കമ്പനിയില്‍ ജോയിന്‍ ചെയ്യാത്ത പരിഭവം അദ്ദേഹം പറഞ്ഞിരുന്നു. എന്നാലും ഖത്തറില്‍ നിന്ന് നാട്ടില്‍ വരുമ്പോഴും തിരിച്ചു ഖത്തറില്‍ എത്തുമ്പോഴും ഈസക്കയെ ചെന്ന് കാണുക പതിവാണ്. അങ്ങനെ ചെന്ന് കാണുന്നത് ഈസക്കക്ക് വല്യ കാര്യമായിരുന്നു. കഴിഞ്ഞ തവണ ഞാന്‍ ഓടിച്ചിരുന്ന മീഡിയ പ്ലസ് കമ്പനിയുടെ കാര്‍ ഒരു റെഡ് സിഗ്‌നല്‍ മുറിച്ചു കടക്കാന്‍ ഇടയായി. അറിയാതെ സംഭവിച്ചതാണ്. ആറായിരം റിയാല്‍ ഫൈന്‍. അത്രയും തുക അടയ്ക്കാതിരിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോയെന്നു അന്വേഷിച്ചു. അറിയുന്ന എല്ലാവരെയും കാര്യങ്ങള്‍ ധരിപ്പിച്ചു. ഒരു രക്ഷയും ഇല്ല. ഈസക്കയെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. ഈസക്ക പറഞ്ഞു, എന്റെ സ്റ്റാഫ് ഫക്രു നിന്നെ വിളിക്കുമെന്ന്. ഫോണ്‍ കട്ടായ ഉടനെ ഞാന്‍ ഫക്രു ആണ്, ഈസക്ക പറഞ്ഞിട്ട് വിളിക്കുകയാണെന്ന് പറഞ്ഞു. പിറ്റേന്ന് അബൂഹമൂറിലെ മുറൂറില്‍ ഞാനും ഫക്രുക്കയും എത്തി ടോക്കണ്‍ എടുത്തു. ആറായിരം റിയാല്‍ വെറും ആയിരം റിയാലാക്കി കുറച്ചു കിട്ടി. ഉടനെ ഞാന്‍ ഈസക്കയെ വിളിച്ചു. ഈസക്കായുടെ ആ ഇടപെടലാണ് ഫൈന്‍ കുറച്ചു കിട്ടാന്‍ കാരണമായത്. ഈസക്കക്കും വലിയ സന്തോഷം. എനിക്കാണെങ്കില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം. ഈസക്ക ഒരു ദിവസം ചെയ്യുന്ന ജോലി കണ്ടാല്‍ അത്ഭുതം തോന്നും. ടൈം മനജ്‌മെന്റ് ഈസക്കയില്‍ നിന്ന് കണ്ടു പഠിക്കണം. വേദികളില്‍ നിന്ന് വേദികളിക്കുള്ള അദ്ദേഹത്തിന്റെ ഓട്ടം അത്ഭുതപ്പെടുത്തും. എവിടെ വന്നാലും ഈസക്ക ഒരു എനര്‍ജിയായിരുന്നു. ഈസക്കയുടെ ഒരു ഇടപെടല്‍ അവിടെ ഉണ്ടാകും. അദ്ദേഹം നടത്തുന്ന പരിപാടിയാണെങ്കില്‍ പിന്നെ പറയാനില്ല. അത് കിറു കൃത്യവുമായിരിക്കും. ഏല്പിക്കപ്പെട്ട കാര്യങ്ങള്‍ ആരെങ്കിലും ചെയ്യാതിരുന്നാല്‍ ഈസക്കയുടെ മുഖം ചുവക്കും. അപ്പോള്‍ എന്തെങ്കിലും പറയും. പിന്നെ അവരെ വിളിച്ചു സോറിയും പറയും. ഖിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തന്റെ ടീം തോറ്റാല്‍ കരയുന്ന ഈസക്ക. ടീം വിജയിച്ചാല്‍ മുന്നില്‍ കാണുന്നോര്‍ക്കൊക്കെ കെട്ടിപ്പിടിച്ചു മുത്തം നല്‍കുന്ന ഈസക്ക. മറ്റു വേദികളില്‍ പോയാലും അവിടെ കണ്ടത് പറയാന്‍ ഈസക്കാക്ക് മടിയില്ല. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ബന്ധപ്പെട്ടവരോട് പറയും. അല്ലെങ്കില്‍ ഈസക്ക തന്നെ മൈക് എടുക്കും. ഇനി ഈസക്കയില്ലാത്ത ഖത്തര്‍. അവിടത്തെ ആളുകളും വേദികളും സംഘടനകളും ആ മഹാ മനീഷിയുടെ ശൂന്യത അനുഭവിക്കും. ഇനി എപ്പോഴെങ്കിലും ഖത്തറില്‍ പോകുമ്പോള്‍ ആ സ്‌നേഹം തരാന്‍ ഈസക്കയില്ല. വല്ലാത്തൊരു നോവാണത്. രണ്ടു വലിയ നഷ്ടങ്ങളാണ് എനിക്കുണ്ടായത്. ഒന്ന് എന്റെ പ്രിയപ്പെട്ട സുഹൃത്ത് ഖാലിദ് മാത്തോട്ടം ഖത്തറില്‍ വെച്ച്. ആറു വര്‍ഷങ്ങള്‍ക്കുണ്ടായ അപ്രതീക്ഷിത വേര്‍പാടായിരുന്നു അത്. ആ നീറ്റല്‍ ഇപ്പോഴും മാറിയിട്ടില്ല. ഇപ്പോഴിതാ പിതൃതുല്യം സ്‌നേഹിച്ചിരുന്ന എന്റെ ഈസക്കയെയും നാഥന്‍ കൊണ്ടുപോയി.

ഖത്തര്‍ അതുവരെ കാണാത്ത ജനപ്രവഹമായിരുന്നു അദ്ദേഹത്തിന്റെ ജനാസയില്‍ കണ്ടത്. കാരണം എല്ലാവര്‍ക്കും അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു ഈസക്ക. കോഴിക്കോട് ഈസക്ക ചെയര്‍മാന്‍ ആയ ആശയുടെ അനുശോചന യോഗത്തില്‍ പങ്കെടുത്തിരുന്നു. കൈരളി ഓഡിറ്റോറിയത്തില്‍ കലാരംഗത്തും സാമൂഹ്യ രംഗത്തുമുള്ള നിരവധി പേരാണ് പങ്കെടുത്തത്. എല്ലാവര്‍ക്കും ഈസക്ക പ്രിയപ്പെട്ടയാളാണ്. അതുകൊണ്ട് തന്നെ ഓരോരുത്തരും വിതുമ്പുന്നുണ്ടായിരുന്നു. ജനിച്ചാല്‍ ഒരു നാള്‍ മരിക്കും. ഇല്ല ഇനി ഈസക്കയില്ല. മറ്റൊരാൾക്കും ഈസക്കയാകാനുമാകില്ല. അങ്ങനെ എല്ലായിടത്തും പ്രകാശം പരത്തിയ ആ ചിരിയണഞ്ഞു വിളക്കണഞ്ഞു. വിധിയെ മറികടക്കാന്‍ മനുഷ്യനാവില്ലല്ലോ. അല്ലാഹു ഈസക്കാക്ക് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

– സുബൈർ പന്തീരാങ്കാവ്

Leave a Reply

Your email address will not be published. Required fields are marked *